
എമിറേറ്റ്സ് എയർലൈനും ദുബായ് ഹെൽത്ത് അതോറിറ്റിയും ചേർന്നാണ് യു എ ഇ യിലെ യാത്രക്കാർക്ക് മെഡിക്കൽ റെക്കോർഡുകളുടെ പൂർണ ഡിജിറ്റൽ പരിശോധന നടപ്പിലാക്കുന്നത്.
എമിറേറ്റ്സ് എയർ ലൈൻ യാത്രക്കാർക്ക് ഇനി മുതൽ പിസി ആർ പരിശോധന ഫലത്തിന്റെയും വാക്സിനേഷൻ റിപ്പോർട്ടിന്റെയും പ്രിന്റ് റിപ്പോർട്ട് ഹാജരാക്കേണ്ടതില്ല. മറിച്ചു ഇത് രേഖപ്പെടുത്തിയ ഡിജിറ്റൽ റെക്കോർഡ് മതിയാകും. എമിറേറ്റ്സ് എയർലൈനും ദുബായ് ഹെൽത്ത് അതോറിറ്റിയും ചേർന്നാണ് യു എ ഇ യിലെ യാത്രക്കാർക്ക് മെഡിക്കൽ റെക്കോർഡുകളുടെ പൂർണ ഡിജിറ്റൽ പരിശോധന നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ദുബായിൽ പിസിആർ പരിശോധന നടത്തിയ എമിറേറ്റ്സ് യാത്രക്കാർക്ക് അവരുടെ ഫിസിക്കൽ കോവിഡ് പിസിആർ ടെസ്റ്റ് പ്രിന്റ് റിപ്പോർട്ട് ഹാജരാക്കാതെ ചെക്ക്-ഇൻ ചെയ്യാൻ സാധിക്കും. ദുബായിലെ ഒരു ഡിഎച്ച്എ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്സിനേഷൻ ലഭിച്ചവർക്ക്, അവരുടെ പിസിആർ പരിശോധനാ ഫലങ്ങൾക്കൊപ്പം, ഫ്ലൈറ്റ് ചെക്ക്-ഇൻ സമയത്ത് അവരുടെ മെഡിക്കൽ രേഖകളും ഡിജിറ്റലായി ലഭിക്കും.
ഇതോടെ കോവിഡ് പരിശോധനയും വാക്സിനേഷനുമായി ബന്ധപ്പെട്ട ട്രാവലർ മെഡിക്കൽ റെക്കോർഡുകളുടെ പൂർണ്ണ ഡിജിറ്റൽ പരിശോധന നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ നഗരങ്ങളിലൊന്നാകും ദുബായ്. അതെ സമയം ദുബായ്ക്ക് പുറത്ത് പിസിആർ പരിശോധനയോ പ്രതിരോധ കുത്തിവയ്പ്പുകളോ നടത്തിയ യാത്രക്കാർ ചെക്ക്-ഇൻ ചെയ്യാനായി അവരുടെ യാത്രാ രേഖകൾ നിർബന്ധമായും ഹാജരാക്കണം.