നാശം വിതച്ചു ഐഡ ചുഴലിക്കാറ്റ് ; 8,57,000 വീടുകളിൽ വൈദ്യുതി വിതരണം നിലച്ചു

 മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ്

അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ വ്യാപക നാശനഷ്ടം വിതച്ചു ആഞ്ഞടിച്ച ഐഡാ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.തെക്കുപടിഞ്ഞാറൻ മിസിസിപ്പിയിലാണ് കാറ്റിന്റെ തീവ്രത കുറഞ്ഞിരിക്കുന്നത്.  മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് . ഈ വർഷം അമേരിക്കയെ ബാധിച്ച ആദ്യത്തെ വലിയ ചുഴലിക്കാറ്റായ ഐഡയെ  കാറ്റഗറി 4 കൊടുങ്കാറ്റായാണ് കണക്കാക്കുന്നത്.  ചുഴലിക്കാറ്റിനെ തുടർന്ന് ലൂയിസിയാനയിലെ  8,57,000 വീടുകളിൽ നിലവിൽ വൈദ്യുതി വിതരണം നിലച്ചു. വൈദുതി തകരാർ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. അതെ സമയം ഐഡ ഉഷ്ണമേഖലാ കൊടുങ്കാറ്റായി ദുർബലമായിട്ടുണ്ടെങ്കിലും ശക്തമായ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന്  ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.
ലൂസിയാന പ്രദേശത്തെ  തകർത്ത  ഐഡ ഇനിയും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുമെന്നാണ് മുന്നറിയിപ്പ്. 
തെക്കുകിഴക്കൻ ലൂസിയാനയിലും തെക്കുപടിഞ്ഞാറൻ മിസിസിപ്പിയിലും ഇന്ന് രാവിലെ വരെ അതി ശക്തമായി ആഞ്ഞടിച്ച കാറ്റിനെത്തുടർന്ന് മിസിസിപ്പി നദിയിൽ ഒരു വലിയ ടവർ തകർന്നു വീണു .  ചൊവ്വാഴ്ച വരെ സെൻട്രൽ ഗൾഫ് തീരത്തും ടെന്നസി താഴ്വരയിലും അതിശക്തമായ മഴ ഉണ്ടാകുമെന്നു  കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. ലൂയിസിയാനയിലും മിസിസിപ്പിയിലും അമേരിക്കന്‍ പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

More from International News

Blogs