പാകിസ്താനിലെ വെള്ളപ്പൊക്കം;33 ദശലക്ഷം പേർ ദുരിതത്തിൽ

കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ചുണ്ടായ പ്രളയത്തിൽ ലോകരാജ്യങ്ങളുടെ സഹായം തേടി പാകിസ്ഥാൻ.

കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ചുണ്ടായ പ്രളയത്തിൽ ലോകരാജ്യങ്ങളുടെ സഹായം തേടി പാകിസ്ഥാൻ. തെക്കൻ പാകിസ്ഥാൻ ഏറെക്കുറെ വെള്ളത്തിനടിയിലായെന്നാണ് റിപോർട്ട്. 33 ദശലക്ഷം ആളുകളെ പ്രളയം ബാധിച്ചു. 4,80,030 പേരെ മാറ്റിപ്പാർപ്പിച്ചു.റെക്കോർഡ് മൺസൂൺ മഴയും മഞ്ഞുമലകൾ ഉരുകുന്നതും വെള്ളപ്പൊക്കത്തിന് കാരണമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രളയത്തിൽ  399 കുട്ടികൾ ഉൾപ്പെടെ 1,191 പേർ മരണപ്പെട്ടു.അഭൂതപൂർവമായ കാലാവസ്ഥാ ദുരന്തമാണെന്നും പാകിസ്താനെ സഹായിക്കാൻ 160 മില്യൺ ഡോളർ വേണമെന്നും  ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് സിന്ധു നദിയിൽ നിന്ന് സെക്കൻഡിൽ ഏകദേശം ആറു ലക്ഷം  ക്യുബിക് അടി ഒഴുക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. 

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള  കാലയളവിൽ 30 വർഷത്തെ ശരാശരിയേക്കാൾ 190% കൂടുതൽ മഴ പാകിസ്ഥാനിൽ പെയ്‌തെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.50 ദശലക്ഷം ജനസംഖ്യയുള്ള സിന്ധ് പ്രവിശ്യയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. പ്രവിശ്യയുടെ ചില ഭാഗങ്ങൾ കടൽ പോലെയാണ്  കാണപ്പെടുന്നത്.  വെള്ളപ്പൊക്കത്തെത്തുടർന്നു സിന്ധ് പ്രവിശ്യയിലെ  നൂറുകണക്കിന് കുടുംബങ്ങൾ  അഭയാർത്ഥികളായി.

വീടുകളും വ്യാപാര സ്ഥാപനങ്ങളും മാത്രമല്ല റോഡുകൾ ഉൾപ്പടെ  വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഏകദേശം രണ്ട് ദശലക്ഷം ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. പാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.  മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്  മാനുഷിക സഹായം ആവശ്യമാണ് എന്ന് ഐക്യ രാഷ്ട്ര സഭ അറിയിച്ചു. യു എ ഇ, ചൈന, തുർക്കി എന്നീ രാജ്യങ്ങൾ  ഇതിനോടകം ഭക്ഷണവും ടെന്റുകളും മരുന്നുകളും ഉൾപ്പടെയുള്ള സഹായം നൽകിയിട്ടുണ്ട്. 
അതേസമയം ഇന്ത്യയിൽ നിന്ന് ഭക്ഷ്യ ഇറക്കുമതി അനുവദിക്കണമെന്ന് എയ്ഡ് ഏജൻസികൾ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.

More from International News

Blogs