ഒക്ടോബര്‍ 26-ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ ഉണ്ടാകുന്നത്. ആശംസകൾ അറിയിച്ച് പ്രധാനമന്ത്രിയും കോൺഗ്രസ് നേതാക്കളും
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖാർഗെ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൽ 416 വോട്ടുകൾ അസാധുവായി.
മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ദില്ലിയിലെ ഖാർഗെയുടെ വസതിയിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖർഗേക്ക് ആശംസകൾ അറിയിച്ചു.
ഖാർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.
ഖാർഗെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ അഭിനന്ദനം അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനം തുടങ്ങിയ ദിവസമാണിതെന്ന് തരൂർ പറഞ്ഞു. തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച തരൂർ, ഒരുമിച്ച് ഒറ്റക്കെട്ടായി പാർട്ടി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകുമെന്നും പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് എത്തി. ആശംസകൾ അറിയിച്ച നരേന്ദ്രമോദി ഖാർഗെക്ക് ഒരു മികച്ച, ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെയെന്ന് ട്വിറ്ററിലൂടെ ആശംസിച്ചു.