
കോവിഡ് കേസുകള്‍ അഞ്ചുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്നലെ 53,476 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഇന്ത്യയിൽ കോവിഡ് കേസുകള്‍ അഞ്ചുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്നലെ 53,476 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,17,87,534 ആയി ഉയര്‍ന്നതായി കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 251 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,60,692 ആയി ഉയര്‍ന്നു. നിലവില്‍ 3,95,192 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 26,490 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,12,31,650 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 5,31,45,709 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതാണ് ദേശീയ കണക്കില്‍ പ്രതിഫലിച്ചത്. ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം 31,855 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്.
അതേസമയം ഇന്ത്യയിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. മഹാരാഷ്ട്രയിൽ 200 ഓളം പേരുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് ഇതു കണ്ടെത്തിയത്. എന്നാൽ മറ്റിടങ്ങളിൽ അത്തരത്തിൽ റിപ്പോർട്ടില്ല.